മരട്: കൊച്ചി കോർപ്പറേഷൻ കൃഷിഭവനും പൂണിത്തുറ ഹരിത സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കം. പൂണിത്തുറ ഗാന്ധിസ്ക്വയർ മിനി പാർക്കിന് സമീപമാണ് ഞാറ്റുവേലച്ചന്ത. ജവഹർറോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.പ്രദീപ് കുമാറിന് മാവിൻതൈ നൽകി ഡോ.വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഡോ.ശൈലജ, കൃഷി അസിസ്റ്റന്റ് ഓഫീസർ ടി.എൻ.ഷിബു, കെ.ജി.പ്രദീപ്, ഇ.കെ.സന്തോഷ്, ആർ.പി.പിള്ള തുടങ്ങിയവർ സംസാരിച്ചു.
കോട്ടൂർ കോണം, പ്രിയൂർ, മൽഗോവ തുടങ്ങിയ എട്ടോളം ഇനത്തിൽപെട്ട മാവിൻ തൈകൾ, യെല്ലോ, റെഡ് ഇനത്തിലെ റംബൂട്ടാൻ, ഒന്നരവർഷം കൊണ്ട് ഫലം തരുന്ന വിയറ്റ്നാം സൂപ്പർ ഇയർളി പ്ലാവിൻതൈകൾ, ക്രിക്കറ്റ് ബോൾ ടൈപ്പിലെ ഫലം കായ്ക്കുന്ന സപ്പോർട്ട തൈകൾ, റെഡ് ലേഡി പപ്പായ തൈകൾ, മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന മലേഷ്യൻ കുള്ളൻ തെങ്ങിൻതൈ, ഞാലിപൂവൻ, പാളയംകോടൻ, റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴക്കന്നുകൾ, സീഡ് ലെസ് നാരകം, നാഗ്പൂർ ഓറഞ്ച്, നിലമ്പൂർ, ബർമ്മ തേക്കിൻ തൈകൾ തുടങ്ങിയ വിവിധയിനം ഗുണനിലവാരമുളള നടീൽ വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ഞാറ്റുവേലച്ചന്തയിൽ ലഭ്യമാകും. ജൂലായ് അഞ്ചിന് സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |