മൂവാറ്റുപുഴ: ഒരു ചിത്രശലഭംപോലെ സ്വതന്ത്രമായി പറക്കുകയെന്ന ശ്രുതിയുടെ മോഹങ്ങൾക്ക് ഇനി ജയരാജിന്റെ സ്‌നേഹച്ചിറുകൾ കൂട്ടാകും. ജന്മനാ ചലിക്കാൻ കഴിയാത്ത തന്റെ പരിമിതികൾ വിവാഹ ജീവിതത്തിന് തടസ്സമാണെന്ന ശ്രുതിയുടെ ധാരണയാണ് തന്റെ സ്‌നേഹപ്പൂക്കൾ നൽകി പൂർണ്ണ ആരോഗ്യവാനായ തൃക്കാരിയൂർ സ്വദേശി ജയരാജ് തിരുത്തിയത്.
സെറിബ്രൽപാൾസിയാണ് ശ്രുതിക്ക്. തൃക്കളത്തൂർ പുഞ്ചക്കാലായിൽ ആർ.സുകുമാരന്റെയും സുജ സുകുമാരന്റെയും മകളാണ് ശ്രുതി. നടക്കുകയോ ഇരിക്കുകയോ കരയുകയോ പോലും ചെയ്യാറുണ്ടായിരുന്നില്ലാത്ത പെൺകുഞ്ഞിനെ വീൽ ചെയറിന്റെ സഹായത്താൽ ജീവിതത്തിന്റെ ഓരോപടിയും കടത്തിയത് സമർപ്പിത സ്നേഹത്തോടെ അച്ഛനമ്മമാരും സഹോദരൻ ആനന്ദുമാണ്.
നിരന്തരമായ ചികിത്സയിലൂടെ ഒരു കൈ ഭാഗികമായി ചലിപ്പിക്കാനും എഴുതാനും പഠനത്തിൽ മിടുക്ക് തെളിയിക്കാനും ശ്രുതിക്ക് സാധിച്ചു. ഡിസ്റ്റിറിംഗ്ഷനോടെയാണ് എസ്.എസ്.എൽ.സിയും പ്ളസ്ടുവും പാസായത്.
തുടർന്ന്, ബി.കോം കോർപ്പറേഷനും പാസായി. കഴിഞ്ഞ ഏഴുവർഷമായി മൂവാറ്റുപുഴ അർബൻ ബാങ്കിലെ ജീവിനക്കാരിയാണ്. ഒപ്പം എം.ബി.എയും ചെയ്യുന്നു. പാട്ടിലും പടം വരയിലും കഥാകവിതാ രചനയിലും ശ്രുതി മികവ് തെളിയിച്ചിട്ടുണ്ട്. അമൃത ആശുപത്രിയിലെ ഡോ.കൃഷ്ണകുമാറാണ് ശ്രുതിയെ വിവാഹജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ചത്.
സൗദിയിൽ എൻജിനിയറും തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവൻ-രാജമ്മ ദമ്പതികളുടെ മകനുമായ ജയരാജ് ശ്രുതിയുടെ കഴുത്തിൽ താലിചാർത്തി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.