കൊച്ചി: വിദ്യാർത്ഥികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാനും സ്വാസ്ഥ്യജീവിതം പ്രോത്സാഹിപ്പിക്കാനും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് (സി.സി.എസ്.കെ) ആരംഭിച്ച പ്രയുക്തി പദ്ധതിക്ക് മികച്ച പ്രതികരണം. കൗൺസിലിന് കീഴിലെ മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളിലും പദ്ധതിക്ക് തുടക്കമായി.
ചീഫ് സെക്രട്ടറി വി.പി. ജോയിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എക്സൈസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ശരിയായ മാർഗനിർദ്ദേശം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപഭോഗവും ലഭ്യതയും വർദ്ധിച്ചത് ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷം നീളുന്ന പരിപാടികളിലൂടെ വിദ്യാർത്ഥികളെ ബോധവത്കരിക്കാനും സമൂഹത്തിന് മാതൃകയായ അംബാസിഡർമാരായി മാറ്റാനുമാണ് ശ്രമിക്കുന്നത്.
ലക്ഷ്യങ്ങൾ
മാനസികാരോഗ്യത്തിനും സ്വാസ്ഥ്യജീവതിത്തിനുമുള്ള ഹബ്ബായി സ്കൂളുകളെ മാറ്റുക
സെമിനാറുകളും ക്യാമ്പുകളും സംഘടിപ്പിക്കുക
മാറ്റങ്ങൾക്ക് പ്രേരകശക്തയായി വിദ്യാർത്ഥികളെ മാറ്റുക
മറ്റു സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുക
പ്രതിരോധ, ബോധവത്കരണ വിദ്യാഭ്യാസം ലഭ്യമാക്കുക
സർക്കാരുകളുമായി സഹകരിച്ച് സമൂഹാധിഷ്ഠിത പദ്ധതികൾ നടപ്പാക്കുക
വിദ്യാഭ്യാസദാതാക്കൾ എന്ന നിലയിൽ മയക്കുമരുന്ന് ഉൾപ്പെടെ സാമൂഹ്യതിന്മകൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്വമാണ്. അതാണ് ഞങ്ങൾ നിർവഹിക്കുന്നത്.
സുചിത്ര ഷൈജിന്ത്
ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |