SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ബി. അശോകിന് അപ്രധാന വകുപ്പ്,​ കൃഷി വകുപ്പിൽ നിന്ന് മാറ്റി

asok

തിരുവനന്തപുരം: ഐ.എ.എസുകാരുടെ സ്ഥലംമാറ്റ, നിയമന വിഷയത്തിൽ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലിന്റെ അനുകൂലവിധി നേടിയ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി. അപ്രധാനമായ സൈനികക്ഷേമ വകുപ്പിലേക്കാണ് നിയമനം. യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയുമുണ്ട്.

മൂന്നരവർഷമായി കൃഷിവകുപ്പിലുള്ള അശോകിനെ മാറ്റാൻ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ബോർഡ് ചേർന്ന് സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുൻപ് തിരക്കിട്ട് ഉത്തരവിറക്കി.

കേഡ‌ർ തസ്തികകളിൽ ഐ.എ.എസുകാരെ മാത്രമേ നിയമിക്കാവൂ എന്ന സി.എ.ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ എക്സൈസ് കമ്മിഷണർ സ്ഥാനത്തു നിന്നുമാറ്റിയും ഉത്തരവായി. പകരം ചുമതല നൽകിയതും ഐ.പി.എസുകാരനായ അഡി.എക്സൈസ് കമ്മിഷണർ (അഡ്‌മിനിസ്ട്രേഷൻ) ജെ.കിഷോർകുമാറിനാണ്. അജിത്കുമാർ ബിവറേജസ് കോർപ്പറേഷൻ ചെയർമാനായി തുടരും.

അവധിയിലുള്ള തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാളിനാണ് കൃഷിവകുപ്പിന്റെ അധികച്ചുമതല. ടിങ്കുബിസ്വാൾ അവധി കഴിഞ്ഞെത്തുംവരെ ആഭ്യന്തരവകുപ്പ് അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ കൃഷിവകുപ്പിന്റെ ചുമതല വഹിക്കും.

ഒരു തസ്തികയിൽ രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്നും മാറ്റുന്നതിന് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയുണ്ടാവണമെന്നും സി.എ.ടി ഉത്തരവിട്ടത് അശോക് നൽകിയ കേസിലായിരുന്നു. ചട്ടങ്ങൾ പാലിക്കാതെ അശോകിനെ മൂന്നുവട്ടം സ്ഥലംമാറ്റിയത് നേരത്തേ ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.

ആദ്യം തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അദ്ധ്യക്ഷനായും പിന്നീട് ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാനായും അതിനുശേഷം ഉദ്യോഗസ്ഥ, ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായാണ് സ്ഥലംമാറ്റിയത്. ചട്ടങ്ങൾ പാലിക്കാതെയുള്ള മൂന്നു സ്ഥലംമാറ്റങ്ങളും ട്രൈബ്യൂണൽ റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയായിരുന്നു.

കോടതിയലക്ഷ്യ ഹർജി

എക്സൈസ് കമ്മിഷണർ ചുമതല വീണ്ടും ഐ.പി.എസ് ഉദ്യോഗസ്ഥന് നൽകിയത്

കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഐ.എ.എസ് അസോസിയേഷൻ തിങ്കളാഴ്ച കോടതിയെ സമീപിക്കും. സി.എ.ടി ഉത്തരവിന് വിരുദ്ധമായതിനാലാണിത്. സി.എ.ടി ഉത്തരവ് നടപ്പാക്കാൻ ചീഫ്സെക്രട്ടറിക്കാണ് ചുമതലയെന്നിരിക്കെ നികുതി വകുപ്പ് ഉത്തരവിറക്കിയതിനെയും ചോദ്യം ചെയ്യും.

ഐ.എ.എസുകാരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയുണ്ടാവണമെന്നും, സർക്കാരിന് തോന്നിയപോലെ തട്ടിക്കളിക്കാനാവില്ലെന്നും സി.എ.ടിയെ സമീപിച്ച് ഉത്തരവുനേടിയതിന് പിന്നാലെയാണ് ബി.അശോകിനെ മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASHOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA