SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

സിവിൽ സർവീസ് വിജയം അച്ഛന് സമർപ്പിച്ച് ഡോ.ശ്രീലക്ഷ്മി

sreelakshmi

തൃശൂർ: മകൾ സിവിൽ സർവീസുകാരിയാകണമെന്ന അച്ഛന്റെ ആഗ്രഹം 133ാം റാങ്ക് നേട്ടത്തിലൂടെ സഫലമാക്കി ഡോ.സി.വി.ശ്രീലക്ഷ്മി. പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച ഓവർസിയറായിരുന്ന ശ്രീലക്ഷ്മിയുടെ പിതാവ് ചന്ദ്രൻ കൊവിഡിനെ തുടർന്ന് മരിച്ചു. അതിനാൽ സിവിൽ സർവീസ് പരീക്ഷയിലെ വിജയം അച്ഛന് സമർപ്പിക്കുന്നതായി തൃശൂർ ചേറ്റുപുഴ വട്ടപ്പിള്ളി വീട്ടിൽ ശ്രീലക്ഷ്മി കേരളകൗമുദിയോട് പറഞ്ഞു.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പഠനശേഷം ഹൗസ് സർജൻസി പൂർത്തിയാക്കി കുട്ടനെല്ലൂർ, ചേറ്റുപുഴ എന്നിവിടങ്ങളിലെ ആയുഷ് മാൻ ആരോഗ്യ മന്ദിറിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു. പിന്നീട് തൃശൂരിലെ അശ്വനി ആശുപത്രിയിൽ ആർ.എം.ഒയായി ജോലി ചെയ്യുന്നതിനിടെയാണ്‌ റാങ്ക് നേട്ടം. രണ്ടാം തവണ എഴുതിയപ്പോഴാണ് സിവിൽ സർവീസ് കടമ്പ മറികടന്നത്. വീട്ടമ്മയായ അമ്മ സുരജയും എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ പ്രൊഫസറായ ജ്യേഷ്ഠസഹോദരൻ നിതിനും എറണാകുളം കണ്ഠനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായ ചേച്ചി നീതുവും പഠനകാര്യങ്ങളിൽ പിന്തുണച്ചെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

ഒറ്റയ്ക്ക് പഠനം

'അൺ അക്കാഡമി'ക്ക് കീഴിലെ ഒറ്റയ്ക്കുള്ള ഓൺലൈൻ പഠനമാണ് തുണച്ചതെന്ന് ശ്രീലക്ഷ്മി പറയുന്നു. നരവംശ ശാസ്ത്രമായിരുന്നു പ്രധാന വിഷയം. സേക്രഡ് ഹേർട്ട് മലയാളം മീഡിയം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും പാസായപ്പോൾ അഭിമുഖത്തിനായി ഐ ലേൺ, ലീഡ്, അബ്‌സല്യൂട്ട്, സൈലം തുടങ്ങിയ സ്ഥാപനങ്ങൾ സഹായിച്ചു. കേരള കേഡറിലോ മഹാരാഷ്ട്ര കേഡറിലോ ഐ.എ.എസ് ഉദ്യോഗസ്ഥയാകണമെന്നാണ് ആഗ്രഹം. രാവിലെ ഏഴ് മുതൽ 11 വരെയാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിച്ചിരുന്നതെന്ന് ശ്രീലക്ഷ്മി കേരള കൗമുദിയോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CIVIL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA