SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

ഉൾപ്പോരിൽ സമാധാനം പോയി മുന്നണികൾ

s

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയോ മറ്റന്നാളോ ഉണ്ടാവുമെന്നിരിക്കെ, അപ്രതീക്ഷിത പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുകയാണ് മൂന്ന് മുന്നണികളും.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിലെ പൊട്ടിത്തെറിയാണ് യു.ഡി.എഫിനെ അങ്കലാപ്പിലാക്കിയത്. ജി.സുധാകരന്റെ കൂടുമാറ്റം എൽ.ഡി.എഫിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഘടകകക്ഷിയായ ട്വന്റി 20യുമായുള്ള സീറ്റു തർക്കം എൻ.ഡി.എയുടെ മുന്നേറ്റത്തിന് തടയിട്ടു. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും. മേയ് 20ന് മുമ്പായി നിയമസഭ നിലവിൽ വരണം.

സിറ്റിംഗ് എം.എൽ.എമാരെയും തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയ ഘട്ടത്തിലാണ് കോൺഗ്രസിലെ മുതിർന്ന എം.പിമാരുടെ ഇടച്ചിൽ. സ്ഥാനാർത്ഥിയാക്കണമെന്ന മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെയും യു.ഡി.എഫ് കൺവീനർ അടൂർപ്രകാശിന്റെയും ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് നിരസിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.

ഉറപ്പ് പാലിക്കണമെന്ന്

കെ.സുധാകരൻ

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും ലോക് സഭയിലേക്ക് മത്സരിച്ചതും നിയമസഭാ സീറ്റ് കൊടുക്കാമെന്ന ഉറപ്പിനെ തുടർന്നാണെന്ന് കെ.സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നു.

നിയമസഭാംഗത്വം രാജി വച്ചാണ് ലോക് സഭയിലേക്ക് മത്സരിച്ചതെന്ന് അടൂർ പ്രകാശും ചൂണ്ടിക്കാട്ടുന്നു. ഈഴവ സമുദായത്തിൽ നിന്നുള്ള ഏറ്റവും വിജയസാദ്ധ്യതയുള്ള നേതാക്കളാണിവർ. അനുനയ ചർച്ചയ്ക്ക് വീണ്ടും സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതും അപകടം മനസിലാക്കി തന്നെ. കൊല്ലം, പത്തനംതിട്ട ജില്ലകളിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കലാപം തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ചിട്ട് വേണം സീറ്റു വിഭജനം പൂർത്തിയാക്കാൻ.

ജി.സുധാകരന്റെ

വെട്ടിൽ സി.പി.എം

2021 തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥയുടെ പേരിൽ സീറ്റ് നിഷേധിക്കപ്പെട്ടതുമുതൽ പാർട്ടിക്കെതിരെ കുത്തുവാക്കു പറഞ്ഞു തുടങ്ങിയതാണ് മുതിർന്ന നേതാവ് ജി.സുധാകരൻ. എങ്കിലും പാർട്ടിവളയം വിട്ട് പുറത്തു ചാടുമെന്ന് സി.പി.എം നേതൃത്വം കരുതിയില്ല. കൊട്ടാരക്കരയിൽ ഐഷാപോറ്റിയും പാലക്കാട്ട് പി.കെ.ശശിയും കണ്ണൂരിൽ കുഞ്ഞികൃഷ്ണനും പാർട്ടിക്ക് പ്രഹരമേൽപ്പിച്ചെങ്കിലും അതിന്റെ ആഘാതം മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം.അതിനിടെയാണ് സുധാകരൻ വെടിപൊട്ടിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ അതെത്തി.

പുത്തൻ ചങ്ങാത്തം

ബി.ജെ.പിയെ കുടുക്കി

അൻപത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ബി.ജെ.പി നില ഭദ്രമാക്കിയ ഘട്ടത്തിലാണ് പുത്തൻ ചങ്ങാത്തമായ ട്വന്റി20യുമായുള്ള ഉരസൽ. ഒരു ഡസൻ സീറ്റുവരെ നൽകാൻ ബി.ജെ.പി തയ്യാറായെങ്കിലും തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ കണ്ണുവച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. കാസർകോട് ജില്ലാ പ്രസിഡന്റ് മത്സരിക്കുമെന്ന് കരുതിയ മഞ്ചേശ്വരം സീറ്റിലേക്കാണ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എത്തുന്നത്. പാലക്കാടും ജില്ലാ നേതാവ് സീറ്റ് പ്രതീക്ഷിച്ചെങ്കിലും ശോഭാ സുരേന്ദ്രനാണ് ലഭിച്ചത്. പ്രാദേശിക അസ്വാരസ്യം രണ്ടിടത്തുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA