SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

പാർട്ടി കൈവിട്ട മൂന്നാംതാരം, എം.വി.ആറിനും ഗൗരിഅമ്മയ്ക്കും ശേഷം ജി.സുധാകരൻ

dk

ആലപ്പുഴ: പാർട്ടിയിൽ അതിശക്തരായിരിക്കുകയും പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താവുകയും ചെയ്ത രണ്ട് ജനകീയ താരങ്ങളുണ്ട്. കെ.ആർ.ഗൗരിഅമ്മയും എം.വി.രാഘവനും. ഈ പട്ടികയിലേക്ക് ഇന്നലെ മൂന്നാമതൊരു പേരുകൂടി ഉൾച്ചേർന്നു - ജി.സുധാകരൻ.

എം.വി.രാഘവനെയും ഗൗരിഅമ്മയെയും പാർട്ടി പുറത്താക്കുകയായിരുന്നു. പാർട്ടിക്കുള്ളിലെ നീതികേടിനോട് കലഹിച്ച് സ്വയം ഇറങ്ങിപ്പോരുകയായിരുന്നു ജി.സുധാകരൻ.

സ്വന്തം പാർട്ടികളുണ്ടാക്കി യു.ഡി.എഫിൽ ഇടം നേടുകയായിരുന്നു ഗൗരിഅമ്മയും എം.വി. രാഘവനും. പ്രത്യേക പാർട്ടി ഉണ്ടാക്കാതെ സ്വതന്ത്രനായി നീങ്ങുന്ന ജിയും യു.ഡി.എഫിലെത്തുമെന്നാണ് വ്യക്തമായ സൂചന.

1987ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുഴങ്ങിക്കേട്ട എൽ.ഡി.എഫ് മുദ്രാവാക്യം കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും എന്നായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മത്സര രംഗത്തില്ലായിരുന്ന ഇ.കെ.നായനാർ വീണ്ടും മുഖ്യമന്ത്രിയായി. അടുത്ത ഭരണ ഊഴം വരും മുമ്പ് 1994ൽ ഗൗരിഅമ്മ പാർട്ടിക്ക് പുറത്തുമായി. ഇ.എം.എസ് അടക്കമുള്ള നേതൃത്വത്തെ വെല്ലുവിളിച്ചതായിരുന്നു പ്രധാന കുറ്റം. മുസ്ലിംലീഗുമായും കേരള കോൺഗ്രസുമായും സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന ബദൽ രേഖ തയ്യാറാക്കിയതിന്റെ പേരിലാണ് എം.വി.രാഘവനെതിരെ നടപടിയെടുത്തത്.

ആലപ്പുഴയിൽ ചോദ്യം ചെയ്യപ്പെടാത്ത പാർട്ടിനേതാവായിരുന്ന ജി. സുധാകരൻ. സമീപകാലത്ത് പാർട്ടിക്കുള്ളിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തോടാണ് കലഹിച്ചത്. കലഹം പാർട്ടിയോടല്ലെന്ന് അദ്ദേഹം ഇന്നലെയും ആവർത്തിച്ചു.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുമ്പോൾ സി.പി.എമ്മിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല. പാർട്ടി അംഗമല്ലാത്തതിനാൽ പുറത്താക്കുന്നതെങ്ങനെ?​ 1967ൽ പഠനകാലത്ത് തന്നെ സി.പി.എം അംഗമായ ആളാണ് ജി.സുധാകരൻ. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി, എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് എന്നിങ്ങനെയായിരുന്നു മുന്നേറ്റം. കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മന്ത്രിമാരിൽ ഒരാളായി അദ്ദേഹം പിന്നീട് മാറി. താമരക്കുളം നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റെയും എൽ. പങ്കജാക്ഷിയുടെയും അഞ്ചുമക്കളിൽ രണ്ടാമനാണ്. ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ്‌.ഡി.കോളജ്‌ റിട്ട അദ്ധ്യാപികയാണ്. മകൻ: നവനീത്‌. മരുമകൾ: രശ്മി. പന്തളം എൻ.എസ്.എസ്. കോളേജിൽ കെ.എസ്.യു ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ.നേതാവ് ജി. ഭുവനേശ്വരൻ സുധാകരന്റെ അനുജനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA