SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ഡാറ്റ ചോർച്ച കേസിൽ ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സന്ദേശം അയയ്ക്കാമെന്ന് സർക്കാർ

a

കൊച്ചി: സംസ്ഥാന ഭരണാധികാരി എന്ന നിലയിൽ സന്ദേശം അയയ്‌ക്കുന്നതിന് മുഖ്യമന്ത്രിക്ക് വിലക്കില്ലെന്നും നിയമവിരുദ്ധ സന്ദേശങ്ങളല്ല കൈമാറിയതെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. സന്ദേശം അയച്ചതിൽ സ്വകാര്യതാ ലംഘനമുണ്ടെന്നും മുഖ്യമന്ത്രിയെന്നാൽ 'സർക്കാർ" അല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതോടെ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവുണ്ടാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ഐ.ടി മിഷന് എങ്ങനെ ലഭിച്ചെന്ന് വിശദീകരിക്കാൻ ഇ-ഗവേൺസ് തലവൻ ശബരീഷ് ഇന്നലെ ഹാജരായിരുന്നു. സ്പാർക്ക് ഡാറ്റ ദുരുപയോഗം ആരോപിച്ച് അദ്ധ്യാപകനായ പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം. അനിൽകുമാർ തുടങ്ങിയവർ ഫയൽ ചെയ്ത ഹർജിയാണ് കോടതിയിലുള്ളത്.

ഇ-ഗവേൺസിന് നേതൃത്വം നൽകുന്ന ഐ.ടി മിഷനാണ് സന്ദേശങ്ങൾ അയച്ചതെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു.

ചൂരൽമല - മുണ്ടക്കൈ പുനരധിവാസത്തിന് സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയയ്‌ക്കുന്നതിനുള്ള അനുമതിയുടെ കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടാകും. ഉത്തരവുണ്ടാകുന്നതു വരെ വിലക്ക് തുടരും.

കേന്ദ്രീകൃത ഐ.ഡി

മുഖ്യമന്ത്രിയുടെ പേരിൽ

മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് എങ്ങനെയാണ് സ്‌പാർക്കിലെ ഫോൺ നമ്പർ കൈമാറിയതെന്ന് ഐ.ടി മിഷൻ ഓഫീസറോട് ഹൈക്കോടതി ആരാഞ്ഞു. മുഖ്യമന്ത്രിയുടെ പേരിലാണ് കേന്ദ്രീകൃത ഐ.ഡി എന്നായിരുന്നു വിശദീകരണം. സർക്കാർ ജീവനക്കാരുടെ ഗണത്തിൽപ്പെടാത്ത ജുഡിഷ്യൽ ഓഫീസർമാർക്കും സന്ദേശം ലഭിച്ചല്ലോയെന്ന് കോടതി ചോദിച്ചു. ജുഡിഷ്യൽ ഓഫീസർമാരുടെ പേമെന്റ് പ്രോസസ് ചെയ്യുന്നത് സ്പാർക്ക് വഴിയായതിനാൽ നമ്പറുകൾ അതിലുണ്ടെന്നായിരുന്നു മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA