SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

യു.ജി.സി നിർദ്ദേശം, വേണം, കോളേജുകളിൽ വിദ്യാർത്ഥി സേവന കേന്ദ്രം

college

ലക്ഷ്യം ശാരീരിക, മാനസികാരോഗ്യ സംരക്ഷണം

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാരീരിക-മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥി സേവനകേന്ദ്രങ്ങൾ (സ്റ്റുഡന്റ് സർവീസ് സെന്റർ) ആരംഭിക്കണമെന്ന് യു.ജി.സി നിർദ്ദേശം. മാനസിക പിരിമുറുക്കവും വൈകാരിക പ്രശ്നങ്ങളുമടക്കം വിദ്യാർത്ഥികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഏകജാലക സംവിധാനമായിരിക്കണമിത്.

ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ, വിദ്യാർത്ഥിനികൾ, ഭിന്നശേഷിക്കാർ, വ്യത്യസ്ത സാംസ്കാരിക ചുറ്റുപാടുകളിൽ നിന്നുള്ളവർ എന്നിവരുടെ പ്രശ്നങ്ങൾ മുൻഗണനയോടെ പരിഗണിക്കണം. സേവനംതേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പാഠങ്ങൾ സിലബസിലുൾപ്പെടുത്തണം.

സേവന കേന്ദ്രങ്ങളിൽ ശാരീരിക, മാനസികാരോഗ്യ രംഗത്തുനിന്നുള്ള പുരുഷ-വനിതാ കൗൺസലർമാരും മാനസികാരോഗ്യ വിദഗ്ദ്ധരുമുണ്ടാവണം. മന:ശാസ്ത്രം, ഫിസിക്കൽ എഡ്യുക്കേഷൻ, സോഷ്യൽവർക്ക്, സോഷ്യോളജി വിഷയങ്ങളിലെ ഡീൻ/ഡയറക്ടർ പദവിയുള്ളയാളാവണം കേന്ദ്രത്തിന്റെ തലവൻ. കോളേജുകളിൽ ഈ വകുപ്പുകളില്ലെങ്കിൽ മറ്റ് കോളേജുകളിൽനിന്നോ സർവകലാശാലാ വകുപ്പുകളിൽ നിന്നോ നിയമിക്കാം.

കൗൺസലിംഗ്, ഗൈഡൻസ്, ശാരീരിക- മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഓൺലൈൻ സേവനങ്ങൾ, ഹെൽപ്പ്‌ലൈൻ നമ്പർ എന്നിവ സേവനകേന്ദ്രത്തിലുണ്ടാവണം. പരീക്ഷക്കാലത്തും മറ്റും കൗൺസലർമാരുടെ പ്രത്യേക ശ്രദ്ധയുണ്ടാവണം. സേവനകേന്ദ്രങ്ങളെ ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കണം. ആവശ്യമെങ്കിൽ മനോവിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കണം.

വിവരങ്ങൾ പ്രോസ്‌പെക്ടസിൽ

സേവനകേന്ദ്രത്തിന്റെ വിവരങ്ങൾ കോളേജുകളുടെ വെബ്സൈറ്റിലും പ്രോസ്പെക്ടസിലും ഉൾപ്പെടുത്തണം. കേന്ദ്രങ്ങളുടെ പ്രവർത്തനം നാക് അക്രഡിറ്റേഷനിലും എൻ.ഐ.ആർ.എഫ് റാങ്കിംഗിലും പരിഗണിക്കപ്പെടും. ഇതിന് അധിക മാർക്ക് ലഭിക്കും. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കോളേജുകളുടെ വാർഷിക റിപ്പോർട്ടിലുൾപ്പെടുത്തണമെന്നും യു.ജി.സി നിർദ്ദേശം.

സ്പോർട്സ് ഫീസ്

വെറുതെയല്ല

1.പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് സ്പോർട്സ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ശതമാനം കുട്ടികളേ കായിക പരിശീലന സൗകര്യങ്ങൾ ഉപയോഗിക്കുന്നുള്ളൂ. അതിനാൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക പരിശീലനത്തിനുള്ള സൗകര്യങ്ങളൊരുക്കണം

2.ക്യാമ്പസിൽ ഔട്ട്ഡോർ, ഇൻഡോർ സ്പോർട്സ് പരിശീലന സൗകര്യങ്ങളൊരുക്കണം. ജിംനേഷ്യവും യോഗാസെന്ററുമുണ്ടാവണം. വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകണം. സ്പോർട്സ് ഓഫീസറോ ഫിസിക്കൽ ഫിറ്റ്‌നസ് ട്രെയിനറോ ഉണ്ടാവണം

3.വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയ്ക്കും പ്രാധാന്യം നൽകണം. ദിവസം ഒരുമണിക്കൂറെങ്കിലും വ്യായാമത്തിന് നീക്കിവയ്ക്കാൻ പ്രേരിപ്പിക്കണം. യോഗ കേന്ദ്രങ്ങളുമായും സ്പോർട്സ് എഡ്യുക്കേഷൻ കേന്ദ്രങ്ങളുമായും കോളേജുകൾക്ക് ധാരണാപത്രമൊപ്പിടാം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA