SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

അങ്കണവാടികളിൽ നിരീക്ഷണ ക്യാമറകൾക്ക് വഴിതെളിഞ്ഞു

cctv

ആലപ്പുഴ: അങ്കണവാടികളിൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ

ഫണ്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും വനിത,​ശിശുവികസന വകുപ്പും സംയുക്തമായി തുക കണ്ടെത്താൻ ധാരണയായി.

ആകെ ചെലവിന്റെ 50 ശതമാനം വീതം ഇരുവകുപ്പുകളും വഹിക്കാനാണ് തീരുമാനം.

ഇതോടെ,​ കേരളത്തിലെ 33,120 അങ്കണവാടികളും നിരീക്ഷണ വലയത്തിലാക്കാനുള്ള വഴിതെളിഞ്ഞു.

അങ്കണവാടികളിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നായിരുന്നു വനിത,​ ശിശുവികസന വകുപ്പിന്റെ നേരത്തെയുള്ള നിർദ്ദേശം. എന്നാൽ, പരിമിതമായ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങൾക്കും അധികബാധ്യത ഏറ്റെടുക്കാൻ കഴിയാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ചിലയിടങ്ങളിൽ എം.എൽ.എ ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടും ഉപയോഗിച്ച് ക്യാമറകൾ സ്ഥാപിച്ചതൊഴിച്ചാൽ,​ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പായില്ല. ഈ പശ്ചാത്തലത്തിലാണ് 50: 50 എന്ന അനുപാതത്തിൽ ചെലവ് പങ്കിടാൻ ഇരു വകുപ്പുകളും തീരുമാനിച്ചത്. ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കും. ജോലിസ്ഥലത്തോ,​ വീട്ടിലോ ഇരുന്ന് കുട്ടി സുരക്ഷിതനാണെന്ന് ഇതിലൂടെ ഉറപ്പുവരുത്താനും കഴിയും.

കേരളത്തിൽ

അങ്കണവാടികൾ: 33,120

ചെലവ് പങ്കിടൽ

അനുപാതം: 50: 50

വകുപ്പുകൾ കൈകോർക്കും

1.അങ്കണവാടികളിലും ശിശുപരിചരണ കേന്ദ്രങ്ങളിലും കുട്ടികൾ മർദ്ദനത്തിനിരയാകുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് സി.സി ടി.വി സുരക്ഷാ സംവിധാനത്തെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിച്ചത്. 2024 ൽ ആലപ്പുഴ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ചന്ദ്രദാസ് കേശവപിള്ള സമർപ്പിച്ച നിർദ്ദേശമാണ് പദ്ധതിയുടെ അടിസ്ഥാനം

2.പദ്ധതിയുടെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് കെൽട്രോൺ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ സഹായം തേടും.നിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമാണ് മുൻഗണന.പദ്ധതി നടപ്പിലാക്കുന്നതിന് വനിത,​ശിശുവികസന വകുപ്പ് സർക്കാരിന്റെ പ്രത്യേക അനുമതി തേടിയിട്ടുണ്ട്

3.അനുമതി ലഭിക്കുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി എല്ലാ അങ്കണവാടികളിലും ക്യാമറകൾ പ്രവർത്തനക്ഷമമാകും. ജീവനക്കാരുടെ ഭാഗത്തുനിന്നോ പുറത്തുനിന്നോ ഉള്ള അതിക്രമങ്ങൾ തടയുക, അങ്കണവാടികളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുക, തത്സമയ നിരീക്ഷണ സംവിധാനത്തിലൂടെ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം നൽകുക എന്നിവയാണ് ലക്ഷ്യം

പല അങ്കണവാടികളിലും കുട്ടികൾ അത്രിക്രമത്തിനിരയാകുന്ന സംഭവം ഏറെ വിഷമത്തോടെയാണ് കേൾക്കുന്നത്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ക്യാമറ നിരീക്ഷണം വരുന്നതിൽ വലിയ സന്തോഷം

-റീനു സൗബിൻ, രക്ഷിതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL