SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ജാസ്‌ലിയ ദ കണക്ടർ: വൈകാരിക കുറിപ്പുമായി വൈദികൻ

കൊച്ചി: നാലുപേർക്ക് പുതുജീവൻ നൽകി വിടവാങ്ങിയ 19കാരി ജാസ്‌ലിയ ജോൺസണിന് വൈകാരികമായി ആദരവ് അർപ്പിച്ച് കുഴുപ്പിള്ളി ഇടവക വികാരി ഫാ. കുര്യാക്കോസ് മുണ്ടാടൻ. ജാസ്‌ലിയ ദ കണക്ടർ 2026 എന്ന പേരിൽ വികാരി എഴുതിയ കുറിപ്പ് വൈറലായി.

കുറിപ്പിൽ നിന്ന്

മാർച്ച് മൂന്ന് ചൊവ്വ രാത്രി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ജാസ്‌ലിയയെ കണ്ടപ്പോൾ മനസിൽ വന്നത് പിള്ളക്കച്ചയിൽ കിടക്കുന്ന ഉണ്ണീശോയെയാണ്. അത്രയ്ക്ക് നിഷ്‌കളങ്കമായിരുന്നു ജാസ്‌ലിയയുടെ മുഖം. അവളുടെ തിരുനെറ്റിയിൽ ക്രൂശിതന്റെ മുദ്ര ഒരിക്കൽ കൂടി വരച്ചു. മോർച്ചറിയിൽ നിന്നിറങ്ങുമ്പോൾ കണ്ണീർ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.
എന്തിനാണ് ഇത്രയും സ്മാർട്ടും പാവവുമായ പൊന്നോമനയെ ഈശോ സ്വർഗത്തിലേക്ക് ഇടിച്ചുകയറ്റിയതെന്ന് ജാസ്‌ലിയയുടെ അമ്മ ലിയ ഉള്ളുരുകി ചോദിക്കുന്നുണ്ടായിരുന്നു. ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരെ സ്വർഗത്തിലേക്ക് നേരത്തെ കൊണ്ടുപോകുന്നെന്ന തത്ത്വത്തിനൊന്നും അമ്മയേയോ സഹോദരൻ ജാസിനെയോ ആശ്വസിപ്പിക്കാൻ പറ്റിയതായിരുന്നില്ല.
ഫെബ്രുവരി 28ന് 6.30നാണ് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഇടവകയിലെ യുവജനങ്ങൾ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ കണക്ട് 2026 പരിപാടി നടത്തിയത്. അതിൽ പങ്കെടുക്കുമ്പോഴാണ് ജാസ്‌ലിയയ്ക്ക് സംഭവിച്ച അപകടം അറിയുന്നത്. ആ നിമിഷം മുതൽ കണക്ട് 2026 ഇടവകയുടെ പെന്നോമനയായ മകളുടെ ജീവനും മരണവുമായി കണക്ടായി. ജാസ്‌ലിയ, ദ കണക്ടർ ആയി മാറി. ഇടവക സമൂഹത്തെ അവൾ പരസ്പരം കണക്ട് ചെയ്തു. അവയവങ്ങൾ നാലുപേർക്കായി വീതിച്ച് മനുഷ്യത്വത്തിന്റെയും ജീവന്റെയും കണക്ടറായി ജാസ്‌ലിയ മാറി. അവൾ ദൈവത്തിന്റെ സന്നിധിയിലേക്ക് പറപറക്കുകയായിരുന്നു.
സ്വർഗത്തിലെ മാലാഖമാരൊടൊപ്പം ദൈവപിതാവിന്റെ മുമ്പിൽ സ്തുതിഗീതങ്ങൾ അർപ്പിക്കുന്ന സുന്ദരിയായ മാലാഖയായി നീ മാറട്ടെ. ഞങ്ങൾ നിന്നെ മറക്കുകയില്ല, മരണത്തെയും കീഴടക്കിയ നിന്റെ സ്‌നേഹത്തിന് കുഴുപ്പിള്ളി ഇടവക സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

ജാസ്‌ലിയക്ക് കോളേജ് അന്ത്യോപചാരമർപ്പിച്ചു

അങ്കമാലി: കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച അങ്കമാലി ഹോം സയൻസ് കോളേജിലെ വിദ്യാർത്ഥിനി ജാസ്‌ലിയയുടെ മൃതദേഹം ഇന്നലെ രാവിലെ കോളേജിൽ പൊതുദർശനത്തിന് വച്ചു. കോളേജിലെ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്ന ജാസ്‌ലിയയുടെ ചേതനയറ്റ ശരീരം കണ്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പൊട്ടിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അകമ്പടിയോടെ എടവനക്കാട്ടെ വസതിയിലേക്ക് കൊണ്ടു പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, JASLIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL