SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.40 AM IST

കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽ

expo

ചരക്കു കൂലി മൂന്നിരട്ടി ഉയർന്നു

മലപ്പുറം: പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് വിമാനമാർഗമുള്ള ചരക്ക് കയറ്റുമതി നിരക്ക് മൂന്നിരട്ടിയായി വർദ്ധിച്ചു. കിലോയ്ക്ക് 70 മുതൽ 80 രൂപ വരെ ഈടാക്കിയിരുന്ന ചരക്കുകൂലി ഇപ്പോൾ 200 - 220 രൂപയാണ്. ചരക്ക് വിമാനങ്ങൾ സർവീസ് നടത്താത്തതിനാൽ യാത്രാ വിമാനങ്ങളിലാണ് ചരക്കുകൾ അയക്കുന്നത്.
കേരളത്തിൽ നിന്ന് പ്രതിദിനം 150 ടണ്ണിനടുത്തായിരുന്ന ഗൾഫ് കയറ്റുമതി മൂന്നിലൊന്നായി കുറഞ്ഞു. പഴം, പച്ചക്കറിയാണ് കൂടുതലും. വില കൂടിയതോടെ വിൽപ്പന കുറഞ്ഞതിനാൽ വിദേശ വ്യാപാരികൾ കരാറുകൾ റദ്ദാക്കുകയാണ്.
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലെ കയറ്റുമതി നാമമാത്രമാണ്. കരിപ്പൂരിലെ പ്രതിദിന കയറ്റുമതി 40-45 ടണ്ണിൽ നിന്ന് പത്ത് ടണ്ണിൽ താഴെയെത്തി. തിരുവനന്തപുരത്തെ കയറ്റുമതി 40 ടണ്ണിൽ നിന്ന് പകുതിയായി ഇടിഞ്ഞു. കൊച്ചിയിൽ 70 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറഞ്ഞു. ചരക്ക് വിമാനങ്ങളുടെ സ‌ർവീസ് പുനഃരാരംഭിച്ച് വ്യോമഗതാഗതം സാധാരണ നിലയിലാകുമ്പോൾ മാത്രമേ കയറ്റുമതിയിൽ ഉണർവ്വുണ്ടാകൂവെന്ന് സിയാൽ കാർ‌ഗോ വിഭാഗം മാനേജർ‌ സതീശ് പറഞ്ഞു.

കപ്പലിലും വൻനിരക്ക്

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഷിപ്പിംഗ് ചാർജ് കുത്തനെ കൂടുന്നു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് 20 അടി കണ്ടെയ്‌നറിനുള്ള ചാർജ് 800 മുതൽ 1,200 ഡോളറിൽ നിന്ന് 3,900 ഡോളറായി വർദ്ധിപ്പിച്ചു. വാർ റിസ്ക് സർചാർജ് കൂടിയതാണ് വിനയായത്. കൊള്ള ലാഭമെടുക്കാനുള്ള കപ്പൽ കമ്പനികളുടെ നീക്കത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സ‌ർക്കാരിന് നിവേദനം നൽകിയിട്ടുണ്ടെന്ന് കേരള എക്‌സ്‌പോർട്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360