കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തോമസ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവർക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 26 ലക്ഷം രൂപ നിക്ഷേേപിച്ചതു തിരിച്ചു നൽകിയില്ലെന്നാരോപിച്ച് ആനിയമ്മ കോശിയും ഭർത്താവും നൽകിയ കേസിലാണ് ജാമ്യം.
ഏഴു വർഷം കൊണ്ട് നിക്ഷേപത്തുക ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും ഇപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ കഴിഞ്ഞ ഏപ്രിൽ വരെ പരാതിക്കാരിക്ക് പലിശ നൽകിയിരുന്നെന്നും കൊവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബിസിനസ് തകർന്നതിനാലാണ് പണം നൽകാൻ കഴിയാതെ വന്നതെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഡാനിയൽ ഉൾപ്പെടെയുള്ളവർ ജാമ്യ ഹർജി നൽകിയത്. ഇൗ കേസിൽ ആഗസ്റ്റ് 29 നാണ് പ്രതികൾ അറസ്റ്റിലായത്. ആഗസ്റ്റ് 30 മുതൽ കസ്റ്റഡിയിലാണ്.
ക്രിമിനൽ കേസിൽ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ഇതനുസരിച്ച് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് തോമസ് ഡാനിയലും മറ്റു പ്രതികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വാഭാവിക ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്ന് ആലപ്പുഴ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ നവംബർ രണ്ടിനു തള്ളി. തുടർന്നാണ് ഇവർ വീണ്ടും ഹൈക്കോടതിയിലെത്തിയത്. പ്രതികൾ ഒാരോരുത്തരും അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം .