SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

അന്ന് ആശുപത്രിയിൽ താലികെട്ടി, ഇന്നലെ ക്ഷേത്രത്തിൽ വിവാഹം; ആവണിയുടെ കൈപിടിച്ച് ഷാരോൺ

f
ആവണിയും ഷാരോണും ഇന്നലെ വിവാഹിതരായപ്പോൾ

ആലപ്പുഴ: വിവാഹദിനത്തിൽ അപകടത്തിൽ വധുവിന് ഗുരുതര പരിക്കേറ്രതിനെ തുടർന്ന് മുടങ്ങിയ കല്യാണം ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ആചാരപ്രകാരം നടത്തി. ആലപ്പുഴ കൊമ്മാടി മുത്തലശേരിയിൽ ആവണിയും തുമ്പോളി വളപ്പിൽ വീട്ടിൽ വി.എം.ഷാരോണും ഇന്നലെ രാവിലെ തുമ്പോളി പാട്ടുക്കുളം ക്ഷേത്രത്തിലാണ് വിവാഹിതരായത്. ആവണിക്ക് ഷാരോൺ തുളസിമാല ചാർത്തി. മോതിരം അണിയിച്ചു. നെറുകയിൽ സിന്ദൂരം ചാർത്തി.

2025 നവംബർ 21നാണ്‌ ഇരുവരുടെയും വിവാഹം തുമ്പോളിയിൽ നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്ക് പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ആവണിയെ വിദദ്ധ ചികിത്സയ്ക്ക്‌ എറണാകുളത്തേക്ക്‌ മാറ്റി.

നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷാരോൺ ആവണിയെ താലികെട്ടി. അതിനാൽ,​ ഇന്നലെ നടന്ന ചടങ്ങിൽ താലികെട്ട് ഒഴിവാക്കി. രണ്ടു മാസത്തോളം ന‍ീണ്ട ചികിത്സയിലും ഷാരോൺ ആവണിക്ക് ഒപ്പമുണ്ടായിരുന്നു. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ്‌ ക്ഷേത്രസന്നിധിയിൽ വിവാഹച്ചടങ്ങ് നടത്തിയത്.

ആവണിയുടെ മാതാപിതാക്കളായ ജഗദീഷും ജ്യോതിയും, ഷാരോണിന്റെ മാതാപിതാക്കളായ മനുമോനും രശ്മിയും, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുകളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന്‌ 11.30ഓടെ ആവണി ഷാരോണിന്റെ വീട്ടിൽ പ്രവേശിച്ചു. ചേർത്തല ബിഷപ്പ് മൂർ സ്കൂൾ അദ്ധ്യാപികയാണ് ആവണി. ചേർത്തല കെ.വി.എം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസി.പ്രൊഫസറാണ് ഷാരോൺ.


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA