SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

ആശ്വാസ മുന്നേറ്റം കാത്ത് ഓഹരികൾ

share-market

മികച്ച നിക്ഷേപ അവസരമെന്ന് വിദഗ്ദ്ധർ

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചയ്ക്കിടെ തകർന്നടിഞ്ഞ ഇന്ത്യൻ ഓഹരി വിപണിക്ക് ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ കരുത്തായേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 103 ഡോളറിന് മുകളിലെത്തിയതാണ് പ്രധാന വെല്ലുവിളി. എന്നാൽ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ രണ്ട് എൽ.പി.ജി കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകിയതാണ് നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നത്. ഇതോടെ രാജ്യത്തെ ഇന്ധന പ്രതിസന്ധി ഒഴിയുമെന്ന് വിലയിരുത്തുന്നു. വിദേശ ഫണ്ടുകൾ വൻതോതിൽ പിന്മാറുന്നതിനിടെയിലും ആഭ്യന്തര നിക്ഷേപകർ വിപണിയിൽ സജീവമാണ്. കഴിഞ്ഞ മാസം എസ്.ഐ.പി, മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ പണമൊഴുക്കിൽ കാര്യമായ ഇടിവുണ്ടായില്ല.

പശ്ചിമേഷ്യൻ യുദ്ധവും ക്രൂഡോയിൽ വിലയിലെ ചലനങ്ങളുമാകും നടപ്പുവാരവും വിപണിയുടെ നീക്കത്തെ സ്വാധീനിക്കുക. യുദ്ധം അവസാനിക്കാൻ സാദ്ധ്യതകളൊന്നും ദൃശ്യമല്ലാത്തതിനാൽ നിക്ഷേപകർ കരുതലോടെ നീങ്ങണമെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ദ്ധനുമായ സുരേഷ് ഗോപിനാഥ് പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ്. ഇന്ധന ലഭ്യതയിലെ ഇടിവ് കമ്പനികളുടെ പ്രവർത്തന ചെലവ് ഉയർത്തുമെന്നതിനാൽ ലാഭക്ഷമതയിലും സമ്മർദ്ദം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കനത്ത തകർച്ചയിൽ നിക്ഷേപ അവസരം

ആറ് വർഷത്തിനിടെയിലെ ‌‌ഏറ്റവും വലിയ തകർച്ചയാണ് കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായത്. ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് മുകളിലെത്തിയതോടെ നാണയപ്പെരുപ്പ ഭീഷണി ഉയർന്നതും സാമ്പത്തിക മേഖല മുരടിക്കുമെന്ന ആശങ്കയും തിരിച്ചടിയായി. സെൻസെക്സ് കഴിഞ്ഞ വാരം 5.5 ശതമാനവും നിഫ്‌റ്റി 5.3 ശതമാനവും ഇടിഞ്ഞു. പ്രധാന ഓഹരി സൂചികകളെല്ലാം തകർന്നടിഞ്ഞു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയും മൂക്കുകുത്തി. നിക്ഷേപകർക്ക് മികച്ച വാങ്ങൽ സാദ്ധ്യതകളാണ് വിപണിയിലെ തകർച്ച ഒരുക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

വിപണി നേരിടുന്ന വെല്ലുവിളികൾ

1. പശ്ചിമേഷ്യൻ യുദ്ധം ശക്തമായതോടെ ലോകമൊട്ടാകെ സപ്ളൈ ശൃംഖലയിൽ തടസം നേരിടുന്നു

2. റഷ്യൻ ഉപരോധത്തിലെ ഇളവും ജി7 രാജ്യങ്ങളുടെ അധിക എണ്ണയും ക്രൂഡ് വില കുറയ്ക്കുന്നില്ല

3. ഇന്ധന വിലയിലെ വർദ്ധനയും ഇറക്കുമതി തടസങ്ങളും വ്യാവസായിക ഉത്പാദനത്തെ ബാധിക്കുന്നു

4. ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും കമ്പനികളുടെ ലാഭക്ഷമത കുറയ്ക്കുന്നു

ഫെബ്രുവരിയിലെ എസ്.ഐ,പി നിക്ഷേപം

29,845 കോടി രൂപ

എസ്.ഐ.പിയിൽ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി

16.64 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360