നീലേശ്വരം: മാധവേട്ടന് വയസ്സ് 85 കഴിഞ്ഞെങ്കിലും തെങ്ങ് കയറ്റ തൊഴിൽ ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറല്ല. മടിക്കൈ കണ്ടേൻ മൂല നീരോക്കിൽ കോടോത്ത് വളപ്പിലെ മാധവേട്ടനാണ് 15 ാം വയസ്സിൽ തുടങ്ങിയ ഏറെ അദ്ധ്വാനമുള്ള തൊഴിലിൽ ആരെയും അമ്പരപ്പിച്ച് ഇന്നും സജീവമായി നിൽക്കുന്നത്.
അന്ന് 70 തെങ്ങിൽ കയറിയിരുന്നിടത്ത് ഇന്ന് പകുതിയായി കുറഞ്ഞെന്നത് മാത്രമാണ് വിശ്വാസം. ദിവസം 2.50 രൂപയായിരുന്ന കൂലി ഇന്ന് 700 രൂപയും 5 തേങ്ങയുമായി മാറിയിട്ടുണ്ടെന്നതും വ്യത്യാസമാണ്. ചില ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് രാവിലെയും വൈകുന്നേരങ്ങളിലും മാധവേട്ടൻ തെങ്ങിൽ കയറും. സ്വന്തം നാട്ടിൽ നിന്ന് പുറമെ അയൽഗ്രാമങ്ങളിൽ നിന്നും മാധവേട്ടനെ അന്വേഷിച്ച് ആളുകളെത്തുന്നുണ്ട്.
മുൻകാലങ്ങളിൽ തേങ്ങ പറിക്കുന്നതിന് പുറമെ കർക്കിടകം, ചിങ്ങമാസങ്ങളിൽ മണ്ടയിൽ കയറി കിളിയോല, പാണ് അടക്കമുള്ളവ വലിച്ച് കളയുന്ന പണിയുമുണ്ടായിരുന്നു. തെങ്ങിന്റെ ഒരു ഓലകൊത്തി തെങ്ങിന്റെ താഴെ ഭാഗത്ത് ചുറ്റികെട്ടുന്ന പതിവും അന്നുണ്ട്. തേങ്ങ കളവ് പോകാതിരിക്കാൻ മുള്ള് കൊത്തി വെക്കുന്നതും പതിവാണ്. മണ്ട ചീയൽ രോഗത്തിന് ഒരു പ്രധാന കാരണം തെങ്ങിന്റെ മണ്ടയിൽ കയറി കളിയോലകളും, പാണും മറ്റ് കച്ചാറകളും വലിച്ച് കളയാത്തതുമൂലമാണെന്ന് ഇദ്ദേഹം പറയുന്നു.പുതിയ തലമുറയിൽപ്പെട്ട തെങ്ങ് കയറ്റ തൊഴിലാളികൾ ഇതിന് മിനക്കെടാറുമില്ല. എത്ര ഉയരമുള്ള തെങ്ങും മാധവേട്ടന് വഴങ്ങും.
ഇത്രയും വർഷത്തിനിടയിൽ രണ്ടുതവണ അപകടം പറ്റി. രണ്ടാമത്തെ വീഴ്ചയിൽ 6 മാസത്തോളം ചികിത്സയിൽ കിടക്കേണ്ടതായും മാധവേട്ടന് വന്നിട്ടുണ്ട്. ഇളനീരും അവലും കുഴച്ച് തിന്നുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് പറയുന്ന ഇദ്ദേഹത്തെ ഇതുവരെ മറ്റ് രോഗങ്ങളൊന്നും അലട്ടിയിട്ടില.ജീവൻ പണയം വെച്ച തെങ്ങ് കയറ്റ തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ ഇനത്തിൽ 1200 രൂപയല്ലാതെ മറ്റ് ആനുകുല്യങ്ങളൊന്നും ഇല്ലെന്ന പരാതിയുണ്ട് ഇദ്ദേഹത്തിന്. തന്റെ വയസിൽ മറ്റൊരാൾ കേരളത്തിൽ തെങ്ങുകയറുന്നുണ്ടാവില്ലെന്ന വിശ്വാസവും ഇദ്ദേഹത്തിനുണ്ട്. മാധവിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. നാലുമക്കളുണ്ട്.