SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

ഗണേശ വിവാദം മന്ത്രിസഭ യോഗത്തിൽ എല്ലാം ഒ.കെ, മിണ്ടാതെ സി.പി.ഐ

ganesh-kumar

തിരുവനന്തപുരം: തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ കേവലം കുടുംബപ്രശ്നമാണെന്നും നിയമപരമായി താൻ തെറ്രൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രിസഭായോഗത്തിൽ മന്ത്രി കെ.ബി. ഗണേശ് കുമാർ. ഭാര്യയുമായി എല്ലാ പ്രശ്നങ്ങളും പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്. ഇനി ഇത്തരമൊരു ആരോപണമുണ്ടാവില്ലെന്നും ഗണേശ് വിശദീകരിച്ചു. ഗണേശിനോട് നീരസമുണ്ടായിരുന്ന സി.പി.ഐ മന്ത്രിമാരടക്കം ഇക്കാര്യത്തിൽ ഒന്നും ഉരിയാടിയില്ല. കൂടുതൽ ചർച്ചകളിലേക്കു കടക്കും മുൻപ് മുഖ്യമന്ത്രി ഇടപെട്ട് അടുത്ത അജൻഡയിലേക്ക് കടന്നു. മന്ത്രിസഭ യോഗത്തിനു ശേഷം ഗണേശ് കുമാർ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചു.

മന്ത്രിസഭ യോഗം ചേരും മുൻപ് ഭാര്യ ബിന്ദു മേനോനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒത്തുതീർപ്പാക്കിയിരിക്കണമെന്ന് ഗണേശിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളോട് താൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് ബിന്ദു നേരത്തേ പറഞ്ഞിരുന്നു. പ്രശ്നങ്ങൾ തീർക്കാൻ തിങ്കളാഴ്ച രാത്രി ഇടനിലക്കാർ രംഗത്തിറങ്ങി.

ഗണേശിന്റെ ഉറ്റ സുഹൃത്തായ തലസ്ഥാനത്തെ വ്യവസായിയാണ് പ്രധാന ഇടനിലക്കാരനായത്. കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് ഇദ്ദേഹം. ബിന്ദുവിനോടും ബന്ധുക്കളോടും ഇദ്ദേഹം സംസാരിച്ച് ഒത്തുതീർപ്പുണ്ടാക്കിയശേഷമാണ് ഇന്നലെ രാവിലെ ഗണേശ് ബിന്ദുവിനെ ഫോൺ വിളിച്ച് മാപ്പു പറഞ്ഞത്. പിന്നാലെ പ്രശ്നങ്ങൾ ഒത്തുതീർന്നെന്നും എല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും വ്യക്തമാക്കി ബിന്ദു രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 10നു ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാൻ ഗണേശ് എത്തിയത്.

വെള്ളിയാഴ്ച വീണ്ടും

നിയമസഭ തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിന് മുമ്പുള്ള മന്ത്രിസഭ യോഗമെന്ന നിലയിൽ മന്ത്രിമാരെല്ലാം നേരിട്ടു പങ്കെടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ യോഗം തുടങ്ങിയശേഷമാണ് ഗണേശ് എത്തിയത്. ഇന്നലെ എല്ലാ അജൻഡകളും പരിഗണിക്കാൻ കഴിയാതിരുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA