SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.50 AM IST

ലൈംഗിക താത്പര്യം മാറ്റും; പേരിൽ മാത്രം വ്യത്യാസം, "കൺവേർഷൻ തെറാപ്പി" ക്ലിനിക്കുകൾ സംസ്ഥാനത്തും?

homosexuality

കൊച്ചി: സ്വവർഗാനുരാഗികളുടെ ലൈംഗിക താത്പര്യം മാറ്റുമെന്ന് അവകാശപ്പെടുന്ന 'കൺവേർഷൻ തെറാപ്പി' എന്ന നിയമവിരുദ്ധ ചികിത്സയെക്കുറിച്ചുള്ള പരാതികളിൽ നടപടിയെടുക്കാതെ സർക്കാർ. പല മാനസികാരോഗ്യ കേന്ദ്രങ്ങളിലും അനധികൃത ക്ലിനിക്കുകളിലും ചികിത്സ തുടരുകയാണ്. നിയമവിരുദ്ധമായതിനാൽ 'കൺവേർഷൻ തെറാപ്പി' എന്ന പേരിലല്ല ചികിത്സ.

ഇതിനെതിരെ മാർഗരേഖയുണ്ടാക്കാൻ 2021ൽ ഹൈക്കോടതി സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിക്ക് ഉത്തരവ് നൽകിയെങ്കിലും നടപ്പായില്ല.മയക്കുന്ന കുത്തിവയ്പുകളും ഓക്കാനിപ്പിക്കുന്ന മരുന്നുകളും തെറ്റിദ്ധരിപ്പിക്കുന്ന കൗൺസലിംഗും മതവിരുദ്ധമെന്ന ഭീഷണിയുമാണ് രീതി. വിഷാദരോഗ മരുന്നുകളും ഹോർമോൺ ചികിത്സയുമാണ് നൽകിയത്. ഇവരുടെ ലൈംഗികചായ്‌വ് മാറിയില്ലെന്നു മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി.

വീട്ടുകാർ നിർബന്ധിച്ച് ചികിത്സിച്ചവരാണ് ഏറെയും. സ്വവർഗ ലൈംഗികത മാനസിക പ്രശ്‌നമാണെന്നും ചികിത്സിച്ചു മാറ്റാമെന്നുമാണ് ഡോക്ടർമാരടക്കം വിശ്വസിപ്പിക്കുന്നത്. മാനസിക സമ്മർദ്ദത്തിനുള്ള ചികിത്സയെന്നും മറ്റുമാകും രേഖകളിൽ. അതിനാൽ പൊലീസും ആരോഗ്യവകുപ്പും ഇടപെടില്ല.

ഈ തെറാപ്പി നിരോധിക്കാൻ കേരളത്തിലെ സ്വവർഗ്ഗാനുരാഗികളുടെ സംഘടനയായ 'ക്വീരള' ( Queerala ) ആണ് ആദ്യം ഹൈക്കോടതിയിൽ എത്തിയത്. ചികിത്സയുടെ ദോഷം അനുഭവിക്കുന്ന തൃശൂരിലെ ട്രാൻസ്‌മാൻ പി.ആർ. രാഘവും കേസിൽ കക്ഷിയാണ്. ഇക്കൊല്ലം ഇതേ ആവശ്യവുമായി ലെസ്ബിയൻ പങ്കാളികളായ സി.എസ്. അഫീഫയും സുമയ്യ ഷെറിനും ഹർജി നൽകി. വേർപിരിക്കാനായി അഫീഫയെ വീട്ടുകാർ ബലമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയെന്നുമാണ് പരാതി. ഹർജികൾ വേനലവധിക്ക് ശേഷം ഒരുമിച്ചു പരിഗണിക്കും.

45 ശതമാനം

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളിൽ 45% പേരുടെയും ലൈംഗിക താത്പര്യം മാറ്റാൻ ശ്രമമുണ്ടായെന്നാണ് തിരുവനന്തപുരം മെഡി.കോളേജ് സൈക്യാട്രി വിഭാഗത്തിന്റെ പഠനം (വിദേശത്ത് 10%). ചികിത്സ നടത്തിയ 30% ഡോക്ടർമാരും അലോപ്പതിക്കാരാണ്.

മാനസികാരോഗ്യ അതോറിട്ടി

കൺവെർഷൻ തെറാപ്പി നിയമപരമോ ധാർമ്മികമോ അല്ല. ഗുരുതര മാനസികരോഗം ഇല്ലാത്തവരെ സമ്മതമില്ലാതെ ചികിത്സിക്കരുതെന്നാണ് നിയമം.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി
ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമാണ്. പരിവർത്തന തെറാപ്പി ഫലമില്ലാത്തതും ഹാനികരവുമാണ്. അമേരിക്കയും കാനഡയും നിരോധിച്ചിട്ടുണ്ട്.

ഗൗരവമേറിയ വിഷയം അധികൃതർ അവഗണിക്കുന്നു. മാർഗരേഖ വൈകുന്നത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
- ഫെർഹ അസീസ്, ക്വീരളയുടെ അഭിഭാഷക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HOMOSEXUALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA