കൊച്ചി: തലശേരി ഫസൽ വധക്കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശം. കേസിൽ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സമർപ്പിച്ച ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഇരു പ്രതികളും സമർപ്പിച്ച ഹർജിയിൽ കേസിന്റെ രേഖകൾ ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. ഇത് എത്രയും വേഗം വിചാരണക്കോടതിയിൽ തിരിച്ചുനൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
2006 ഒക്ടോബർ 22 നാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന തലശേരി സ്വദേശി ഫസൽ കൊല്ലപ്പെട്ടത്. കേസന്വേഷിച്ച സി.ബി.ഐ 2012 ജൂൺ പത്തിന് കുറ്റപത്രം നൽകി. പിന്നീട് 2013 നവംബർ ഏഴിന് ഇരു പ്രതികൾക്കും ജാമ്യം അനുവദിച്ചപ്പോൾ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടു പോകരുതെന്ന് വ്യവസ്ഥ വച്ചിരുന്നു. ആറുവർഷമായി ജയിലിലെന്നപോലെയാണ് താമസമെന്നും രോഗബാധിതരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ വ്യവസ്ഥ ഇളവുചെയ്യാൻ കാരായി രാജനും ചന്ദ്രശേഖരനും ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജി സി.ബി.ഐ കോടതി തള്ളിയിരുന്നു. വിടുതൽ ഹർജി പരിഗണിക്കാൻ രേഖകളുടെ പകർപ്പ് മതിയാകും. വിചാരണ സ്റ്റേ ചെയ്തതിന് സമാനമായ സ്ഥിതി അനുവദിക്കാനാവില്ല. ശരിയായ വിചാരണ ഉറപ്പാക്കാനുള്ള പ്രതികളുടെയും കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളുടെയും അവകാശത്തിന്റെ ലംഘനമാണിതെന്നും സിംഗിൾബെഞ്ച് പറഞ്ഞു.