തൃശൂർ: അന്തിമപട്ടികയായതോടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അങ്കത്തിന് വീറും വാശിയുമേറി. പട്ടികയിൽ വിമതരുടെയും സ്വതന്ത്രരുടെയും എണ്ണം ഒട്ടും കുറവല്ല. നേട്ടങ്ങളെണ്ണി പറഞ്ഞും കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയും അധികാരത്തിലെത്തിയാൽ എന്തെല്ലാം നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയും വോട്ടർമാരെ വലയിലാക്കുകയാണ് സ്ഥാനാർത്ഥികൾ. കൊവിഡ് കണക്കിലെടുത്ത് വീട് കയറിയുള്ള പ്രചരണം കുറവാണ്. പ്രാദേശിക വിഷയങ്ങളുയർത്തിയാണ് കൂടുതലും വോട്ട് ചോദിക്കുന്നത്. സ്ഥാനാർത്ഥികളുടെ വ്യക്തിബന്ധങ്ങൾ തുണയാകുന്ന തിരഞ്ഞെടുപ്പിനിടെ, തൃശൂർ പ്രസ് ക്ലബിന്റെ തദ്ദേശപ്പോര്2020 മുഖാമുഖത്തിൽ മനസ് തുറക്കുകയാണ് മുന്നണിനേതാക്കൾ.
"വികസനത്തിനാണ് എൽ.ഡി.എഫ് ഊന്നൽ നൽകുന്നത്. സാമൂഹിക സൗഹാർോദ്ദം നിലനിറുത്തുകയെന്നതും പ്രധാനമാണ്. 10 ലക്ഷം പേർക്ക് തൊഴിലും 5 ലക്ഷം പേർക്ക് വീടും നൽകുമെന്ന് പ്രകടന പത്രികയിലുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസനകാര്യങ്ങൾ വോട്ടിൽ പ്രതിഫലിക്കും. ലൈഫ് മിഷൻ, ഹരിത മിഷൻ, ഭരണനൈപുണ്യം എന്നീ കാര്യങ്ങളെല്ലാം വിലയിരുത്തിയാകും ജനം വോട്ട് ചെയ്യുക. തൃശൂർ കോർപറേഷനിൽ മുമ്പെങ്ങുമില്ലാത്ത വികസനമാണ് എൽ.ഡി.എഫ് നടത്തിയത്. വടക്കേ സ്റ്റാൻഡ്, ദിവാൻജിമൂല പാത, പട്ടാളം റോഡ് വികസനം എന്നിങ്ങനെ നിരവധി പദ്ധതികളുടെ പൂർത്തീകരണമുണ്ടായി. ജില്ലാ പഞ്ചായത്തിൽ മാത്രം 540 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നു. തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയമാണ് പ്രതീക്ഷിക്കുന്നത്
എം.എം വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി
"നടക്കാത്ത കാര്യം പറയുകയല്ല, പറയുന്ന കാര്യം പ്രാവർത്തികമാക്കുകയെന്നതാണ് യു.ഡി.എഫ് നയം. പ്രഗത്ഭരും പൊതുസേവനത്തിന്റെ വക്താക്കളുമായവരെയാണ് ഇത്തവണ സ്ഥാനാർത്ഥികളാക്കിയിട്ടുള്ളതെന്നതിനാൽ 100 ശതമാനം വിജയസാദ്ധ്യതയുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന ഇടങ്ങളിൽ കണക്കിന്റെ കളിയല്ലാതെ യാതൊന്നും നടപ്പായില്ല. കരാറുകാരനിൽ നിന്ന് കപ്പം മേടിക്കുന്നതല്ലാതെ ഒന്നും നടന്നില്ല. കോർപറേഷൻ ഭരണം മണ്ണ്, ഭൂമി, പ്രൊജക്ട് മാഫിയകളുടെ കൊള്ളസംഘമാക്കി എൽ.ഡി.എഫ് മാറ്റി. പട്ടാളം റോഡ് വികസനം, ദിവാൻജിമൂല പാത വികസന പദ്ധതികൾക്കെല്ലാം തുടക്കമിട്ടത് യു.ഡി.എഫ് ഭരണസമിതികളാണ്. സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നീ സർവമേഖലകളിലും പരാജയമാണ് സർക്കാർ. കേന്ദ്ര ഏജൻസികൾക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുകയാണ് കേരളത്തിലെ സർക്കാർ.
എം.പി വിൻസെന്റ്
(ഡി.സി.സി പ്രസിഡന്റ്).
"തൃശൂർ കോർപറേഷനിലുൾപ്പടെ 30 തദ്ദേശ സ്ഥാപനങ്ങളിൽ എൻ.ഡി.എ ഭരണത്തിലെത്തും. 35 ശതമാനത്തിലധികം വോട്ട് നേടും. ജില്ലയിലെ ഏറ്റവും വലിയ സഖ്യമായി എൻ.ഡി.എ മാറും. കേന്ദ്ര, കേരള സർക്കാരുകളെ തുലനം ചെയ്യണമെന്നാണ് എൻ.ഡി.എ ജനങ്ങളോട് ആവശ്യപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇരുമുന്നണികളും കേരളത്തിൽ പരാജയമാണ്. ഇത്രയധികം നദികളുള്ള നാട്ടിൽ ജനങ്ങൾക്ക് നേരാംവണ്ണം കുടിവെള്ളം നൽകാൻ പോലും ഭരിക്കുന്നവർ തയ്യാറാകുന്നില്ല. 50 ശതമാനത്തിൽ അധികമാണ് റോഡ് നിർമ്മാണത്തിൽ ഇവിടുത്തെ ഭരണകർത്താക്കൾ കമ്മിഷൻ അടിക്കുന്നത്. ആറ് മാസത്തെ അതിജീവിച്ച ഒരു റോഡും തൃശൂരിലില്ല. ജനകീയരായവരെയാണ് സ്ഥാനാർത്ഥികളാക്കിയത്. കോർപറേഷൻ ഭരണം പിടിക്കാൻ തലമുതിർന്നവരെ തന്നെ രംഗത്തിറക്കി. തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് വിജയത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് എൻ.ഡി.എ
അഡ്വ. കെ.കെ അനീഷ് കുമാർ
ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.