ശ്രീനഗർ, വാഷിംഗ്ടൺ: ഈ വർഷത്തെ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായവരിൽ ജമ്മുകാശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ഫോട്ടോജേർണലിസ്റ്റുകളും. ദി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർമാരായ ചന്നി ആനന്ദ്, മുക്താർ ഖാൻ, ദർ യാസിൻ എന്നിവർക്കാണ് പുരസ്കാരം. ജമ്മുകാശ്മീമിരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണകാലത്തെ ചിത്രങ്ങളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ യുട്യൂബിലൂടെയായിരുന്നു പുരസ്കാര പ്രഖ്യാപനം. പുലിസ്റ്റർ ബോർഡ് അഡ്മിനിസ്ട്രേറ്റർ ഡാന കനേഡിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഏപ്രിൽ 20 ന് നടത്താനിരുന്ന പുരസ്കാര പ്രഖ്യാപനം കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ദർ യാസിനും മുക്തർ ഖാനും ശ്രീനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരും ആനന്ദ് ജമ്മു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആളുമാണ്. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലെ മത്സരത്തിനാണ് മൂവർക്കും പുരസ്കാരം ലഭിച്ചത്. ഒപ്പം നിന്നതിന് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് ദർ യാസിൻ ട്വിറ്ററിൽ പങ്കുവച്ചു. കർഫ്യൂവിന് ഇടയിൽ സാഹസികമായാണ് ചിത്രങ്ങൾ എടുത്തതെന്നും
ഇന്റർനെറ്റ് ബന്ധവും മൊബൈൽ ഫോണും ഇല്ലാതിരുന്ന ലോക്ക്ഡൌൺ കാലത്ത് പലരുടേയും വീടുകളിലും ക്യാമറ പച്ചക്കറി ബാഗിൽ ഒളിപ്പിച്ചുമാണ് ചിത്രങ്ങൾ എടുത്തതെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. കാശ്മീരിലെ സംഘർഷാവസ്ഥയുടെ നേർചിത്രങ്ങളാണ് ഇവർ ഒപ്പിയെടുത്തതെന്ന് അവാർഡ് ദാന സമിതിയും വിലയിരുത്തി.
അവിസ്മരണീയ നേട്ടവുമായി കൊൾസൺ
തുടർച്ചയായ രണ്ടാമത്തെ നോവലിനും പുലിസ്റ്റർ സമ്മാനം നേടി അമേരിക്കൻ എഴുത്തുകാരനായ കോൾസൻ വൈറ്റ്ഹെഡ്. ‘ദ് നിക്കൽ ബോയ്സ്’ എന്ന നോവലാണ് 50 വയസ്സുകാരനായ കോൾസന് അപൂർവ അംഗീകാരം നേടിക്കൊടുത്തത്. മൂന്നു വർഷം മുമ്പ് അമേരിക്കൻ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ‘ദ് അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന പുസ്തകത്തിനും അദ്ദേഹം പുലിസ്റ്റർ നേടിയിരുന്നു. വില്യം ഫോൾക്നർ, ജോൺ അപ്ഡൈക് എന്നിവരും ഒന്നിലധികം പുലിസ്റ്റർ മുന്പ് നേടിയിട്ടുണ്ടെങ്കിലും അവ തുടർച്ചയായ പുസ്തകങ്ങൾക്കായിരുന്നില്ല.