പറവൂർ : ആനച്ചാൽ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പിൽക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കൈതാരം നെടുമ്പറമ്പത്ത് വിദ്യാധരന്റെ മകൻ എൻ.വി. അഖിൽ (23), പെരുമ്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചെട്ടിപറമ്പിൽ അശോകന്റെ മകൻ അഖിൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഉച്ചയ്ക്കുശേഷം ബൈക്കിൽ ബന്ധുവീട്ടിലെത്തിയ ഇരുവരും സുഹൃത്തുക്കളായ ഷിജുസൺ, സാൽവിൻ എന്നിവരോടൊപ്പമാണ് പുഴയോരത്തെത്തിയത്. കുളിക്കാൻ ഇറങ്ങിയ നാലുപേരും ഒഴുക്കിൽപ്പെട്ടു. ഷിജുസണും സാൽവിനും ചീനവലക്കുറ്റിയിൽ പിടിച്ച് രക്ഷപെട്ടു. ഇവർ മറ്റു രണ്ടുപേരെയും കണ്ടെത്താൻ സമീപത്തു കെട്ടിയിട്ടിരുന്ന വഞ്ചിയെടുത്ത് തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. തുടർന്നാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
അപകടം നടന്ന സ്ഥലത്തിനു സമീപം ആൾതാമസമില്ലാത്ത ചതുപ്പുപ്രദേശമാണ്. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൈതാരം സ്വദേശിയായ അഖിൽ ഡ്രൈവറാണ്. മാതാവ്: ഷൈല. സഹോദരി അമ്പിളി. പെരുമ്പടന്ന സ്വദേശിയായ അഖിൽ പറവൂരിലെ കച്ചവട സ്ഥാപനത്തിലെ സെയിൽസ്മാനാണ്. മാതാവ്: ലത. സഹോദരി: ആരതി.