SignIn
Kerala Kaumudi Online
Saturday, 23 May 2026 5.01 PM IST

യഥാർത്ഥ ഐ പി എല്ലിൽ പോലും ഇല്ല ,​ കോഴിക്കോട്ടെ സ്പെഷ്യൽ ബാറ്റും ബോളും വിസ്മയിപ്പിക്കും

d

കോഴിക്കോട്: ഇത്തവണത്തെ വിഷുവിന് ആകാശത്ത് ഒരു ചെറു പൂരക്കാഴ്ച ഒരുക്കാം. ഉയർന്നുപൊങ്ങി ആകാശത്ത് വർണവസന്തം തീർക്കുന്ന 'മസിനഗുഡി വഴി ഊട്ടിയിലേക്ക്' പടക്കങ്ങളാണ് ഇത്തവണ പടക്കവിപണിയിലെ താരം. കത്തിച്ചുവിട്ടാൽ ആകാശത്ത് പോയി പൊട്ടി പല വർണങ്ങളിൽ പല രൂപങ്ങൾ നിറയ്ക്കുന്നവയാണ് ഇവ. ഒരു ഷോട്ട് മുതൽ 150 ഷോട്ടുകൾവരെയുള്ള പടക്കങ്ങളുണ്ട്. കുട്ടികൾക്കു പോലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ ഹരിത പടക്കങ്ങളാണ് ഇവയെല്ലാം.


ആർത്തുപൊട്ടുന്ന കിക്ക് ബോക്സറും, ഉയർന്നുപൊങ്ങി പൊട്ടുന്ന റോക്കറ്റും, മൾട്ടികളർ ബബിൾസും, വണ്ടർ നൈ​റ്റ്, കളർ ഫാന്റസി, പോഗോ, പോപ്പപ്പ്, ഗോൾഡൻ ഡക്ക്, പമ്പരം, സൂപ്പർ ഷോട്ടുകൾ, ത്രിവർണ പൂക്കുറ്റി, സ്‌കൈ ഷോട്ട് , മിഡ്‌നൈറ്റ് ഡ്രീംസുമെല്ലാം, പടക്കവിപണിയിലെ താരങ്ങളാണ്. കണിക്കൊന്നയ്ക്കും കണിവെള്ളരിക്കും പുറമേ വിഷു ആഘോഷങ്ങൾ പൊലിപ്പിക്കാൻ പടക്കവിപണിയും സജീവമായി. കുട്ടികൾക്കായി നിറങ്ങളും വർണക്കാഴ്ചകളും ഒരുക്കുന്ന ഫാൻസി പടക്കങ്ങളാണ് വിപണിയിൽ കൂടുതലുള്ളതെന്ന് പുതിയങ്ങാടിയിലെ അയ്യൻസ് വേൾഡ് കടയുടമ ശങ്കർ ഉദയൻ പറയുന്നു.

ക്രിക്കറ്റ് പ്രേമികൾക്കായി ഒരുക്കിയ ഐ.പി.എൽ സ്പെഷൽ ബാറ്റും ബോളിനും കുട്ടി ആരാധകർ എറെയാണ്. ബാറ്റും ബോളും ഉൾപ്പെടുന്നതാണ് ഒരു സെറ്റ്. ബാറ്റിന് തീ കൊളുത്തുമ്പോൾ പന്തും കത്തും. ബാറ്റ് ചെറു ശബ്ദത്തോടെ പൊട്ടുകയും പന്ത് പൂത്തിരിപോലെ വർണങ്ങൾ വിതറുകയും ചെയ്യും. കൂൾ ഫയർ കാറ്റഗറിയിൽ പെടുന്നതിനാൽ ഇവ കെെയിൽ പിടിച്ച് കത്തിക്കാം. പൊള്ളില്ല. 390 രൂപയാണ് ഇവയുടെ വില. ഏറെ നേരം കത്തുന്ന മെഗാ പീക്കോക്ക് ആരെയും വിസ്മയിപ്പിക്കും. പൂത്തിരി കത്തിക്കുമ്പോൾ മയിൽ പീലി വിടർത്തുന്നതു പോലെ 5 ഭാഗത്തേക്ക് നിർത്താതെ പൂത്തിരി ചിതറും. 490 രൂപയാണ് ഇവയ്ക്ക്. ഡാൻസിംഗ് അമ്പ്രല്ല തിരികൊളുത്തി കൈയിൽ പിടിച്ചാൽ വട്ടത്തിൽ കറങ്ങി നൃത്തംചെയ്യും. പല നിറങ്ങളിലും ഇവ ലഭ്യമാണ്. തിരികൊളുത്തിയാൽ ചെറിയ പൂമ്പാറ്റകൾ പോലെ പല നിറങ്ങളിൽ പൊട്ടിത്തെറിച്ച് പറന്നു നടക്കുന്ന ബട്ടർഫ്ലൈ, ആകാശത്ത് പറന്ന് വർണ്ണ വിസ്മയം വിതറി പറന്ന്നടക്കുന്ന സൂപ്പർ ഡ്രോൺ എന്നിവയുമുണ്ട്.

പത്ത് മുതൽ 10,000 രൂപ വരെ

പത്ത് രൂപ മുതൽ 10,000 രൂപവരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. പതിവുതാരങ്ങളായ കമ്പിത്തിരി, പൂത്തിരി, നിലച്ചക്രം, തുടങ്ങിയ ഇഷ്ടയിനങ്ങൾക്കും ചെലവുണ്ട്. കമ്പിത്തിരിക്ക് 20 രൂപ മുതൽ 100 രൂപ വരെയാണ് വില. പൂക്കുറ്റി അഞ്ച് രൂപ മുതൽ 80 രൂപ വരെയും നിലച്ചക്രം അഞ്ച് രൂപ മുതൽ 40 രൂപ വരെയും മാലപ്പടക്കം പത്ത് രൂപ മുതൽ 4000 രൂപ വരെയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VISHU, VISHU FIREWORKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA