SignIn
Kerala Kaumudi Online
Saturday, 23 May 2026 4.57 PM IST

കെ ബി ഗണേശ് കുമാറിനെ പിന്നിലാക്കിയത് തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളോ?

ganesh-kumar

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ പിന്നിൽ. പത്തനാപുരം മണ്ഡലത്തിൽ 2,135 വോട്ടുകൾക്കാണ് ഗണേശ് കുമാർ പിന്നിലായിരിക്കുന്നത്. യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാലയാണ് മുന്നിൽ. കഴിഞ്ഞ അഞ്ച് വർഷമായി പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു ജ്യോതികുമാർ ചാമക്കാല. കെഎസ്‌ആർടിസിയിൽ വരുത്തിയ പരിഷ്‌കാരങ്ങൾ ജനങ്ങൾ ഏറ്റെടുത്തെങ്കിലും അടുത്തിടെ വിവാദങ്ങളിൽപ്പെട്ടതാകണം ഗണേശ് കുമാർ പിന്നിലാകാനുള്ള കാരണം.

വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഗണേശ് കുമാറിനെതിരെ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയനിലെ പത്മ കഫേ നിർമാണ വിവാദവും ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളും വന്നത്. താൻ കൊട്ടാരക്കര വാളകത്തെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വന്നപ്പോൾ കിടപ്പുമുറിയിൽ ഗണേശ് കുമാറിനൊപ്പം മറ്റൊരു സ്‌ത്രീയെ കാണരുതാത്ത സാഹചര്യത്തിൽ കണ്ടെന്നായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ. ഇതിന്റെ ഫോട്ടോയെടുത്തപ്പോൾ മന്ത്രിയുടെ നിർദേശ പ്രകാരം സ്റ്റാഫ് തടഞ്ഞു ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ കയ്യേറ്റത്തിനു മുതിർന്നെന്നും വെളിപ്പെടുത്തിയിരുന്നു.

പത്തനാപുരം താലൂക്ക് യൂണിയൻ പത്മ കഫേ നിർമാണത്തിൽ നാല് കോടി വിനിയോഗിച്ചു ഇതിൽ 3.5 കോടി കരാറുകാരന് നൽകിയെന്നതും സംബന്ധിച്ചായിരുന്നു വിവാദം. പത്മ കഫേ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ ആരോപണവുമായി എത്തിയത്. 25 വർഷം എംഎൽഎയും മൂന്ന് തവണ മന്ത്രിയുമായി പ്രവർത്തിച്ച വ്യക്തിയാണ് കെ ബി ഗണേശ് കുമാർ. 2013ൽ ആദ്യഭാര്യ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ഗണേശ് കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KB GANESH KUMAR, PATHANAPURAM, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA